Share this Article
Union Budget
ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ; ഇടുക്കിയിൽ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു
വെബ് ടീം
posted on 05-04-2025
1 min read
LIGHTENING

മുണ്ടക്കയം: ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത മഴ. കിച്ചൻ പാറയിൽ തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകൾക്ക് പരിക്ക്. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം. പുതുപ്പറമ്പിൽ ഷീന നജ്മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സുബി മനു, ആഞ്ഞിലിമൂട്ടിൽ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരയ്ക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. 32 പേരാണ് ഇവിടെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. മിന്നലേറ്റ് ഏഴു പേർ നിലത്ത് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇടുക്കിയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അയ്യാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നതായി റിപ്പോർട്ടുകളുണ്ട്. പത്തനംതിട്ടയിൽ കാനറ ബാങ്കിൽ വെള്ളം കയറി.ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories