നടൻ പ്രിഥ്വിരാജ് സുകുമാരൻ്റെയും ദുൽഖർ സൽമാൻ്റെയും വീടുകളിലും വിവിധ വ്യവസായികളുടെ സ്ഥാപനങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നു. "ഓപ്പറേഷൻ നുങ്കൂർ" എന്ന പേരിൽ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് റെയ്ഡ്. നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം.
നികുതി വെട്ടിക്കുന്നതിനായി ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഹിമാചൽ പ്രദേശിലും പോണ്ടിച്ചേരിയിലും രജിസ്റ്റർ ചെയ്ത് കേരളത്തിൽ വിറ്റഴിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസിൻ്റെ അന്വേഷണം. ഈ വാഹന ഇടപാടുകളിൽ വലിയ രീതിയിലുള്ള നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഈ റാക്കറ്റിന് പിന്നിൽ ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും, നികുതി കുറഞ്ഞ സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിക്കുന്ന പ്രവണത നേരത്തെയും നിലനിന്നിരുന്നു എന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. വിവിധ കാർ ഷോറൂമുകളിലും റെയ്ഡുകൾ നടക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.