Share this Article
KERALAVISION TELEVISION AWARDS 2025
മസ്കിനെ മറികടന്നു; ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി ഒറാക്കിൾ ചെയർമാൻ ലാറി എലിസൺ
വെബ് ടീം
posted on 10-09-2025
1 min read
LARRY

ന്യൂയോർക്ക്:  അതിസമ്പന്നന്മാരുടെ പട്ടികയിലെ ഒന്നാമനെന്ന പദവി  ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം. വൻകിട ഐ.ടി കമ്പനിയായ ഒറാക്കിളിന്‍റെ സഹസ്ഥാപകൻ ലാറി എലിസണാണ് ബ്ലൂംബെർഗ് ബില്യണയർ പട്ടികയിൽ മസ്കിനെ പിന്തള്ളിയത്. ഒറാക്കിൾ കോർപറേഷന്‍റെ ഓഹരിവില കുതിച്ചുയർന്നതോടെ ലാറി എലിസന്‍റെ ആസ്തി 393 ബില്യൺ ഡോളറായി ഉയരുകയായിരുന്നു. 385 ബില്യൻ ഡോളറാണ് മസ്കിന്‍റെ ആസ്തി. ഒരു വർഷത്തോളം അതിസമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ശേഷമാണ് മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

2021ലായിരുന്നു മസ്ക് ആദ്യമായി അതിസമ്പന്നരിൽ ഒന്നാമനായത്. പിന്നീട് ആമസോൺ മേധാവി ജെഫ് ബെസോസും എൽ.വി.എം.എച്ചിന്‍റെ ബർനാഡ് അർനോൾട്ടും മസ്കിനെ പിന്നിലാക്കിയിരുന്നു. കഴിഞ്ഞ വർഷം വീണ്ടും ഒന്നാമതെത്തിയ മസ്ക് ഇതേ സ്ഥാനത്ത് 300ലേറെ ദിവസം തുടർന്നു.

81കാരനായ എലിസൺ നിലവിൽ ഒറാക്കിളിന്‍റെ ചെയർമാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്.ഒറാക്കിളിന്‍റെ ക്ലൗഡ് സേവനങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാർ മുന്നോട്ടുവന്നതോടെ ചൊവ്വാഴ്ച 45 ശതമാനം ഉയർച്ചയാണ് ഓഹരികളിലുണ്ടായത്. ബുധനാഴ്ച മാർക്കറ്റ് തുറന്നതിനു പിന്നാലെ 41 ശതമാനം കൂടി ഉയർന്നു. ഇത് വീണ്ടും വർധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം ടെസ്‌ലയുടെ ഓഹരികൾക്ക് ഈ വർഷം 13 ശതമാനം ഇടിവുണ്ടായെന്നും ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories