Share this Article
News Malayalam 24x7
KPCC- DCC ഭാരവാഹി നിർണയ ചർച്ച അവസാനഘട്ടത്തിൽ
Final Discussions on KPCC and DCC Appointments Underway

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഏറെക്കാലമായി ചർച്ചയിലുള്ള ഡിസിസി, കെപിസിസി ഭാരവാഹി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക്. ഡൽഹിയിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ തയ്യാറാക്കിയ അന്തിമ പട്ടിക ഉടൻ ഹൈക്കമാൻഡിന് കൈമാറും. എംപിമാരുമായി നടത്തിയ ചർച്ചകൾ പൂർത്തിയായതായും അവരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും പട്ടിക സമർപ്പിക്കുകയെന്നും നേതൃത്വം അറിയിച്ചു.

തെക്കൻ ജില്ലകളിൽ ഡിസിസി തലത്തിൽ വ്യാപകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഡിസിസി പ്രസിഡൻ്റുമാരെ മാറ്റാനാണ് സാധ്യത. ഓരോ ജില്ലയിൽ നിന്നും ഒന്നുമുതൽ നാലുവരെ പേരുകളടങ്ങിയ കരട് പട്ടികയാണ് നേതൃത്വത്തിന് മുന്നിലുള്ളത്.


അതേസമയം, മലപ്പുറം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഡിസിസി പ്രസിഡൻ്റുമാരെ മാറ്റുന്നതിനോട് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾ.


കെപിസിസി ഭാരവാഹികളുടെ എണ്ണം നൂറ് കടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡൻ്റുമാരെ കെപിസിസി ഭാരവാഹികളായി പരിഗണിക്കും. പൊതുവായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഭാരവാഹികളെ നിയമിക്കണമെന്നാണ് ഹൈക്കമാൻഡിൻ്റെ കർശന നിർദ്ദേശം.


ഈ മാസം 11-ന് രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പരിപാടികൾക്കായി പോകുന്നതിന് മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടിക ഹൈക്കമാൻഡിന് ലഭിച്ചാൽ അധികം വൈകാതെ അന്തിമ തീരുമാനം പുറത്തുവരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories