Share this Article
News Malayalam 24x7
സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ആക്രമിച്ചതില്‍ അമേരിക്കയ്ക്ക് പങ്കില്ല; ഇസ്രയേല്‍ പ്രധാനമന്ത്രി
 Netanyahu

ഇറാന്റെ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിന് നേരെ നടന്ന ആക്രമണത്തിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള സംഘർഷത്തിലേക്ക് ഇസ്രായേൽ മനഃപൂർവ്വം അമേരിക്കയെ വലിച്ചിഴയ്ക്കുകയാണെന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്കയുടെ നിർദ്ദേശപ്രകാരമല്ല നടന്നതെന്ന് നെതന്യാഹു വിശദീകരിച്ചു. സ്വന്തം നിലയ്ക്കാണ് ഇസ്രായേൽ സൈനിക നീക്കങ്ങൾ നടത്തിയത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് നിലവിൽ തുടർആക്രമണങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും വാതകപ്പാടങ്ങൾക്കും നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ ഉറപ്പുനൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ വഷളാകാതിരിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണി മുഴക്കി ലോകരാജ്യങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് ഇറാൻ കരുതേണ്ടെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമവും പരാജയപ്പെടും. ഇതിനായുള്ള സജ്ജീകരണങ്ങൾ ഇസ്രായേലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഘർഷങ്ങൾ ലോകം കരുതുന്നതിലും വേഗത്തിൽ അവസാനിക്കുമെന്ന ശുഭസൂചനയും നെതന്യാഹു നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories