കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദ കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് ഹൈക്കോടതിയുടെ താൽക്കാലിക ആശ്വാസം. ഫർമാനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനാണ് കോടതി ഈ സാവകാശം അനുവദിച്ചത്.
തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി വ്യാജ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കി വിവാഹം കഴിച്ചു എന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് പോലീസ് ഫർമാനെതിരെ കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം.
എന്നാൽ തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും തന്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കാനാണ് വീട്ടുകാർ ശ്രമിക്കുന്നതെന്നും പെൺകുട്ടിയും ഭർത്താവും വാദിക്കുന്നു. കേരളത്തിൽ ഈ വിഷയത്തിൽ കേസുകളൊന്നും നിലവിലില്ലാത്തതിനാൽ മധ്യപ്രദേശ് കോടതിയെയാണ് ജാമ്യത്തിനായി സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. മധ്യപ്രദേശ് കോടതിയിൽ ഹർജി നൽകുന്നത് വരെയുള്ള സുരക്ഷ മുൻനിർത്തിയാണ് ഹൈക്കോടതി ഫർമാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞത്.