Share this Article
News Malayalam 24x7
ധൈര്യമായി കളി കണ്ടോ മക്കളേ... വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
 Holiday for Kerala Schools and Colleges Tomorrow

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) സർക്കാർ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുഅവധി നൽകുന്നത്.

സ്കൂളുകൾക്ക് പുറമെ കോളേജുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളത്തെ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾ ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫൈനൽ മത്സരം ഇന്ത്യൻ സമയം അർദ്ധരാത്രി 12:30 നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പിറ്റേന്ന് രാവിലെ സ്കൂളിലും കോളേജുകളിലും എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി നൽകാൻ തീരുമാനിച്ചത്. ഈ അവധിക്ക് പകരമായി മറ്റൊരു ശനിയാഴ്ച പ്രവൃത്തിദിനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.


"കുട്ടികൾ കളി കണ്ട് വളരട്ടെ" എന്നാണ് അവധി പ്രഖ്യാപനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചത്. ഭാവിയിൽ ഇന്ത്യ ലോകകപ്പ് കളിക്കുന്ന ഒരു കാലം വരുമ്പോൾ അതിനായി നമ്മുടെ കുട്ടികൾ തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈനൽ മത്സരം ആശങ്കകളില്ലാതെ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ അവസരമൊരുക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


നേരത്തെ ചില സ്വകാര്യ സ്കൂളുകൾ സ്വന്തം നിലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി ഔദ്യോഗിക അവധി നൽകണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്. നിരവധി നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അവധി നൽകാൻ നിർദ്ദേശിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories