Share this Article
News Malayalam 24x7
ജോര്‍ദാനില്‍ ഇറാന്‍ ആക്രമണം; 2 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
Iran Attacks US Base in Jordan

പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ച് ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സൈനികനെ കാണാതായതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.


ജോർദാനിലെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു.എസ് വ്യോമസേനയും രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായ എട്ടാം ദിവസവും ഇറാനിലെ വിവിധ താവളങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് കടുത്ത തിരിച്ചടി നൽകുന്നതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാന്റെ ഗെഷം  ദ്വീപിലടക്കം യു.എസ് മിസൈലുകൾ പതിച്ചു. ഗെഷം ദ്വീപിൽ മാത്രം ആറ് മിസൈലുകളാണ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ.


അതേസമയം, അമേരിക്കയുമായി യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നു. ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനങ്ങൾക്കോ ഒപ്പിനോ യാതൊരു വിശ്വാസ്യതയുമില്ലെന്നും അദ്ദേഹം സമാധാന കരാറുകൾ നിരന്തരമായി ലംഘിക്കുകയാണെന്നും ഖമേനി കുറ്റപ്പെടുത്തി. മുജ്തബ ഖമേനി കൊല്ലപ്പെട്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്.


ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത അസ്ഥിരതയിലേക്ക് നീങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലും കൂടുതൽ കടുത്ത വ്യോമാക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories