കോഴിക്കോട്: ടാറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ടാറ്റ പ്രതിനിധികൾ വന്ന് കണ്ടിരുന്നുവെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവിട്ടു.ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതി തന്നെയാണ് ചർച്ച ചെയ്തത്. നിയമസഭാ സമ്മേളന കാലത്താണ് ചർച്ച നടന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഇത്തമൊരു കൂടിക്കാഴ്ചയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.സർക്കാരുകൾ തുടർച്ചയാണ്, അതുകൊണ്ട് തന്നെ ടാറ്റയുമായി ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നേരത്തെ കപ്പൽ നിർമാണശാല സ്ഥാപിക്കുന്നതിന് 10,000 കോടി രൂപ ടാറ്റ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതായി അദ്ദേഹം അഭിമുഖം നൽകിയ ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ടാറ്റ ഇത്തരമൊരു നിക്ഷേപം നടത്തുന്നില്ലെന്ന റിപ്പോർട്ടുകളും ഉണ്ടായി. പിന്നാലെ വിശദീകരണവുമായി സംസ്ഥാന സർക്കാരും രംഗത്തെത്തി.വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരുംവർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയുടെ സാധ്യതയെന്ന പരാമർശത്തിലൂടെ സൂചിപ്പിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.