പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. തുടർച്ചയായ ഏഴാം ദിവസവും ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. എന്നാൽ, അമേരിക്ക ആക്രമണം അടിയന്തരമായി നിർത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സമ്പൂർണ്ണ നാശമായിരിക്കും ഫലമെന്നും ഇറാൻ അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. ഇതിനിടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.
ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യോമാക്രമണം തുടരുന്നത്. പാലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി ടവറുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ബോംബിടുന്നത്. ഹോർമുസ്ഗാനിൽ ഇന്ന് നടന്ന യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവിടുത്തെ ആറ് പാലങ്ങളും ബന്ദർ ഖമീർ തുറമുഖ മേഖലയിലെ അഞ്ച് പാലങ്ങളും തകർന്നതായാണ് ഇറാന്റെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലാർ, അഹ്വാസ്, സിറിക്, ബുഷെർ, ദാരാബ് എന്നിവിടങ്ങളിലും വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. കുവൈറ്റിലെ യുഎസ് വെടിമരുന്ന് ഡിപ്പോയായ ‘ക്യാമ്പ് ഉദൈരി’, ‘അലി അൽ സലീം’ വ്യോമതാവളം എന്നിവടങ്ങളിലെ ആസ്ഥാന മന്ദിരങ്ങൾക്കും പാലങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. സിറിയയിലെ യുഎസ് താവളങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. തങ്ങളുടെ കപ്പലുകൾ സുരക്ഷിതമാണെന്നും ഇറാന്റെ പ്രചാരണം വ്യാജമാണെന്നുമാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യൻ മേഖല കനത്ത യുദ്ധഭീതിയിലാണ്.