സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും കനക്കുന്നു. വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ് (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രവചനമനുസരിച്ച് ജൂലൈ 21 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.
വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം.
മുൻകരുതലിന്റെ ഭാഗമായി അപകട മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണം.
ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.