Share this Article
News Malayalam 24x7
തല താഴ്ത്തിയിരിക്കാൻ നിർദേശം; നഴ്സറി കുട്ടിയെ എട്ടുമിനിറ്റോളം ക്രൂരമായി മർദ്ദിച്ച് ക്ലാസ് മോണിറ്റർ, ഗുണ്ടകൾ പോലും തലകുനിയ്ക്കുന്ന ക്രൂരത
വെബ് ടീം
4 hours 30 Minutes Ago
1 min read
class monitor

ലഖ്‌നൗ: എല്ലാ സ്കൂളുകളിലും ഓരോ ക്ലാസ്സുകളിലും അല്ലെങ്കിൽ ഡിവിഷനുകളിലും ക്ലാസ് ലീഡർ അല്ലെങ്കിൽ മോണിറ്റർ ഉണ്ടാകും. ടീച്ചർമാരുടെ സൈഡ് ആണ് പല ക്ലാസ് മോണിറ്റർമാരുമെന്നു സഹവിദ്യാർഥികൾ പലപ്പോഴും രഹസ്യമായി പറയാറുമുണ്ട്. എന്നാൽ ചില നിഷ്പക്ഷമാരുമുണ്ട്. ഇതിപ്പോൾ ക്ലാസ് മോണിറ്റർ കാണിച്ചുകൂട്ടിയത് കണ്ടാൽ ഗുണ്ടകൾ പോലും തലകുനിയ്ക്കും.  ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള ഒരു സ്‌കൂളിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയെ ക്ലാസ് മോണിറ്റർ ക്ലാസ് മുറിക്കുള്ളിൽവെച്ച് എട്ട് മിനിറ്റോളം ആണ്  മർദ്ദിച്ചുവശനാക്കിയത്. ക്ലാസ് ടീച്ചർ പുറത്തുപോയ സമയത്തായിരുന്നു മോണിറ്ററായ കുട്ടിയുടെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ മുഖത്ത് കഠിനമായ ക്ഷതങ്ങൾ സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച എഎൽഎസ് അക്കാദമിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്.കുറ്റക്കാരിയായ വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്നും പുറത്താക്കി. തല കുനിച്ച് ഇരിക്കണമെന്ന നിർദ്ദേശം ലംഘിച്ചതിനാണ് ഏകദേശം എട്ടു മിനിറ്റോളം മോണിറ്റർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്ലാസ് മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മുഖത്തെ പരിക്കും വീക്കവും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്‌കൂളിലെത്തി അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പത്ത് മിനിറ്റ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യത്തിന്റെ ആദ്യഭഗത്ത് അധ്യാപികയും ഏകദേശം 18 വിദ്യാർത്ഥികളും ക്ലാസ് മുറിയിലുണ്ടായിരുന്നു. ക്ലാസ് തുടങ്ങി ഏകദേശം ഒരു മിനിറ്റിന് ശേഷം, വിദ്യാർത്ഥികളോട് ഡെസ്‌കിൽ തല താഴ്ത്തി വെക്കാൻ നിർദ്ദേശിച്ച ശേഷം അധ്യാപിക, അവരെ ശ്രദ്ധിക്കാൻ ക്ലാസ് മോണിറ്ററെ ഏൽപ്പിക്കുകയും ക്ലാസ് മുറിക്ക് പുറത്തേക്ക് പോവുകയും ചെയ്തു.

അധ്യാപിക പുറത്തേക്ക് പോയ ഉടൻ തന്നെ ഒരു വിദ്യാർത്ഥിനി തല ഉയർത്താൻ ശ്രമിച്ചെങ്കിലും മോണിറ്റർ ഉടൻ തന്നെ അവരെ അടിച്ചു. തല ഉയർത്താൻ ശ്രമിച്ച മറ്റ് ചില വിദ്യാർത്ഥികളെയും മോണിറ്റർ ഇത്തരത്തിൽ മർദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കുറച്ച് നിമിഷത്തേക്ക് തല ഉയർത്തിയ മറ്റൊരു വിദ്യാർത്ഥിയെ കണ്ട മോണിറ്റർ ആ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയും കുറഞ്ഞത് നാല് തവണയെങ്കിലും പുറത്തും മുഖത്തും തല്ലുകയും ചെയ്തു.വേദനകൊണ്ട് കുട്ടി പുളഞ്ഞപ്പോൾ അവൾ തല ബലമായി താഴ്ത്തി വെക്കാനും ശ്രമിച്ചു. എന്നാൽ ആ കുട്ടി കരഞ്ഞുകൊണ്ട് തല ഉയർത്തിത്തന്നെ ഇരുന്നു. മോണിറ്റർ വീണ്ടും അവന്റെ തല താഴ്ത്തി വെക്കാൻ ശ്രമിക്കുകയും തല്ലുകയും ചെയ്തു. ഏകദേശം ഒരു മിനിറ്റിന് ശേഷം കുട്ടി എഴുന്നേറ്റ് പുറത്തേക്ക് പോകാനായി വാതിലിന് അടുത്തേക്ക് ഓടിയെങ്കിലും മോണിറ്റർ അവനെ തടഞ്ഞു. അവൾ അവനെ അകത്തേക്ക് വലിച്ചിഴച്ച് വീണ്ടും മർദ്ദിക്കുകയും വാതിൽ ഉള്ളിൽ നിന്ന് പൂട്ടുകയും ചെയ്തു.

തുടർന്ന് കുട്ടി മറ്റൊരു വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം, എന്നാൽ ആ വാതിലും പൂട്ടിയിരിക്കുകയായിരുന്നു. അവിടെ രണ്ട് മിനിറ്റോളം നിന്ന കുട്ടിയെ മോണിറ്റർ വീണ്ടും തല്ലുകയും സീറ്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. സ്വന്തം സീറ്റിലെത്തിയ കുട്ടിയെ അവൾ വീണ്ടും മർദ്ദിക്കുന്നത് തുടർന്നു. മർദ്ദനം തുടരുമ്പോൾ മറ്റ് സഹപാഠികൾ ഭയന്ന് തല താഴ്ത്തി ഇരിക്കുകയായിരുന്നു.ഏകദേശം 10 മിനിറ്റിന് ശേഷം അധ്യാപിക തിരിച്ചെത്തി വാതിലിൽ മുട്ടി. മോണിറ്റർ വാതിൽ തുറന്ന ഉടൻ തന്നെ കുട്ടി എഴുന്നേറ്റ് അധ്യാപികയോട് പരാതിപ്പെട്ടു. അധ്യാപിക കുട്ടിയോടും മോണിറ്ററോടും സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തെ വീക്കവും മുറിവുകളും കണ്ട മാതാപിതാക്കൾ സ്‌കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ ക്രൂരത പുറത്തറിഞ്ഞത്.

ക്ലാസ് മോണിറ്റർ കാണിച്ചുകൂട്ടിയ നടുക്കുന്ന കൊള്ളരുതായ്മയുടെ ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories