അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ (AMMA) തർക്കങ്ങളും അധികാര വടംവലിയും പുതിയ തലത്തിലേക്ക്. കോടതി ഇടപെടലിനെ തുടർന്ന് അഡ്‌ഹോക്ക് കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കുകയും ശ്വേതാ മേനോൻ നേതൃത്വം നൽകുന്ന പഴയ ഭരണസമിതി ഭരണം പുനരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, സംഘടനയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോനും കൂട്ടരും രംഗത്തെത്തി. അനുഭവക്കുറവ് മൂലം മുൻപ് ചില പിഴവുകൾ തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്താനുള്ള കർശന നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും കത്തിൽ വ്യക്തമാക്കുന്നു.
കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കത്തിൽ ശ്വേത വ്യക്തമാക്കുന്നു. "2026 ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളും അഭിപ്രായവ്യത്യാസങ്ങളും പല അംഗങ്ങളിലും വിഷമവും നിരാശയും ഉണ്ടാക്കിയിട്ടുണ്ടാകാമെന്ന് മനസ്സിലാക്കുന്നു. ഞങ്ങളുടെ കമ്മിറ്റിയിൽ നിന്ന് അനുഭവപരിചയക്കുറവ് മൂലമുണ്ടായ വീഴ്ചകൾ ആത്മാർഥമായ ആത്മപരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, അവ തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു" എന്ന് കത്തിൽ പറയുന്നു.
അഡ്‌ഹോക്ക് കമ്മിറ്റി മാറിയതോടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരുവിധ തടസ്സവും ഉണ്ടായിട്ടില്ലെന്ന് ശ്വേത മേനോൻ കത്തിലൂടെ ഉറപ്പുനൽകുന്നു. അംഗങ്ങൾക്കുള്ള പ്രതിമാസ കൈനീട്ടം, മെഡിക്കൽ ഇൻഷുറൻസ്, സഞ്ജീവനി തുടങ്ങിയ എല്ലാ ക്ഷേമപദ്ധതികളും തടസ്സമില്ലാതെ പഴയപടി തുടരുകയാണെന്നും കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി നിർവഹിച്ചു വരികയാണെന്നും ശ്വേത വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 21-ലെ വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങളെ തുടർന്ന് ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജി പ്രഖ്യാപിക്കുകയും, തുടർന്ന് പുതിയൊരു സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ സംഘടനയെ നിയന്ത്രിക്കാൻ അഡ്‌ഹോക്ക് സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അഡ്‌ഹോക്ക് സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. ഔദ്യോഗികമായി തങ്ങൾ രാജിക്കത്ത് എഴുതി നൽകാത്ത സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്ന വാദം കോടതി താൽക്കാലികമായി അംഗീകരിക്കുകയും അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് സ്റ്റേ അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് പഴയ ഭരണസമിതി വീണ്ടും ചുമതലയേറ്റത്.
അതേസമയം, ശ്വേത മേനോന്റെ പുതിയ കത്തോടും വിശദീകരണങ്ങളോടും എക്സിക്യൂട്ടീവിനെ എതിർക്കുന്ന വിഭാഗം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരുന്ന ജൂലൈ 27-ന് എറണാകുളം മുൻസിഫ് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. കോടതിയുടെ അന്തിമ വിധി വന്ന ശേഷമായിരിക്കും തങ്ങളുടെ അടുത്ത നീക്കമെന്ന നിലപാടിലാണ് എതിർപക്ഷം.