Share this Article
News Malayalam 24x7
MR അജിത് കുമാറിനോട് വിശദീകരണം തേടാൻ DGP
MR Ajith Kumar

ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളും തെളിവുകളും ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. എഡിജിപിയുടെ വിശദീകരണം കൂടി ലഭിച്ച ശേഷമായിരിക്കും ഡിജിപി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വൈകീട്ടാണ് ഡിജിപിക്ക് കൂടുതൽ വ്യക്തത വരുത്തിയ പുതുക്കിയ റിപ്പോർട്ട് കൈമാറിയത്. കേസ് അട്ടിമറിക്കാനും പ്രതികളായ ഗൺമാൻമാരെ രക്ഷിക്കാനും എഡിജിപി അജിത് കുമാർ ഇടപെട്ടതായി പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോർട്ടും തിരുത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി നേരിട്ട് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയെന്നാണ് കണ്ടെത്തൽ. മുൻപ് എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ അജിത് കുമാറിന്റെ പങ്ക് നേരിട്ട് വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടർന്ന് ഡിജിപി കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് റിപ്പോർട്ട് മടക്കുകയായിരുന്നു.


കേസ് ഡയറി തിരുത്താൻ നിർബന്ധിച്ചതിന്റെ തെളിവുകൾ, മൊഴികൾ, ഫോൺവിളി വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ പുതുക്കിയ റിപ്പോർട്ടിൽ എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ എഡിജിപി കുറ്റക്കാരനാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.


അതേസമയം, എഡിജിപിക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിപക്ഷമായ കോൺഗ്രസിലും യു.ഡി.എഫിലും കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം എസ്.ഐ.ടി ആദ്യ റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് ആഭ്യന്തര വകുപ്പിന് കൈമാറാതെ ഡിജിപി വൈകിപ്പിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.


മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരുടെ മർദ്ദനത്തിന് ഇരയായ ഇപ്പോഴത്തെ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർ അജിത് കുമാറിനെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി ഇരുവരും മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നാണ് വിവരങ്ങൾ. പുതുക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്നാണ് സൂചനകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories