Share this Article
News Malayalam 24x7
ഇറാനിൽ ആക്രമണം നടത്തി അമേരിക്ക
US Conducts Airstrikes in Iran

പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് തുടർച്ചയായ ആറാം രാത്രിയിലും ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലാണ് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ ബോംബാക്രമണം ഉണ്ടായത്. ഇറാനിലെ വിവിധ സൈനിക-അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.


ഇറാനിലെ ഹോർമുസ്ഗാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ. കൂടാതെ ബന്ദർ ഇ ഖൈറിലെ ഒരു പ്രധാന പാലത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന യാത്രാമാർഗ്ഗങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക ആക്രമണം ശക്തമാക്കിയത്.


അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായാണ് സൂചന. കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി അവകാശപ്പെട്ടു. ഇതേത്തുടർന്ന് കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി.


ബഹ്‌റൈനിലെ സാക്കിർ വ്യോമതാവളത്തിൽ നിലയുറപ്പിച്ചിരുന്ന യു.എസ് ഹെലികോപ്റ്ററുകളെയും രഹസ്യാന്വേഷണ വിമാനങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ സൈന്യം ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണസാധ്യത മുൻനിർത്തി ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


ഹോർമൂസ് കടലിടുക്കിലെ ഉപരോധം മറികടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകളെ യു.എസ് സൈന്യം തടഞ്ഞുനിർത്തി തിരിച്ചയച്ചു. ഒമാൻ ഉൾക്കടലിൽ വെച്ച് യു.എസ് നാവികസേന ഇറാന്റെ എണ്ണക്കപ്പൽ പിടിച്ചെടുത്തതായും വിവരമുണ്ട്. വരും ദിവസങ്ങളിലും ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ കടുപ്പിക്കുമെന്ന സൂചനയാണ് അമേരിക്കൻ ഭരണകൂടം നൽകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories