ശബരിമല ശ്രീ കോവിലിലെ കട്ടളപ്പാളി സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും അന്നത്തെ കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കൊല്ലം വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. വൈകുന്നേരം നാല് മണി വരെയാണ് വാസുവിനെ കസ്റ്റഡിയിൽ വിട്ടത്. സ്വർണ്ണക്കവർച്ച കേസിൽ കൂടുതൽ വിവരങ്ങൾ തേടുന്നതിനാണ് എസ്ഐടി വാസുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ. പത്മകുമാറിനെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് പത്മകുമാർ ഹാജരായിരുന്നില്ല.
ശബരിമലയിൽ സ്വർണ്ണം പൂശിയ കട്ടളപ്പാളി നിർമ്മിച്ചത് 2019-ലാണ്. ഈ സമയത്ത് എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. കട്ടളപ്പാളി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിർദേശം നൽകിയത് താനാണെന്ന് വാസു സ്ഥിരീകരിച്ചിരുന്നു. സ്വർണ്ണം പൂശിയ കട്ടളപ്പാളിയിൽ ചെമ്പ് എഴുതാൻ കമ്മീഷണർ ആയിരുന്ന വാസു 2019-ൽ നിർദേശം നൽകിയിരുന്നതായും അദ്ദേഹം പിന്നീട് ഇത് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തിയത്.
ഈ കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. കസ്റ്റഡി കാലാവധിക്ക് ശേഷം വാസുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.