ചെന്നൈ: കമല്‍ഹാസന്‍ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം. ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം ഇവിടെ മാത്രം റിലീസ് ചെയ്യില്ല. ഭാഷാ വിവാദത്തില്‍ നടന്‍ മാപ്പുപറയാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനിച്ചത്.
തെറ്റു ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തി മാപ്പു പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കമല്‍ഹാസന്‍ നിലപാട് എടുത്തതിനു പിന്നാലെയാണ് നിരോധനം വന്നിരിക്കുന്നത്. കേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് ഞാൻ. മുൻപും തനിക്ക് നേരേ ഭീഷണി ഉയർന്നിട്ടുണ്ട്.
രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ ഡിഎംകെ ആസ്ഥാനത്തെത്തിയ കമൽ ഹാസൻ വ്യക്തമാക്കി.ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള കമൽഹാസന്‍റെ പ്രസ്താവനയിന്മേലാണ് വിവാദം. കന്നഡ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് കമൽ ഹാസൻ തന്‍റെ പുതിയ സിനിമയായ 'തഗ് ലൈഫി'ന്‍റെ ബെംഗലൂരുവില്‍ നടന്ന ചടങ്ങിൽ പറഞ്ഞിരുന്നു. ഇത് കന്നഡയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.