ലോക്സഭയിൽ പാർലമെന്ററി വിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരടക്കം എട്ട് കോൺഗ്രസ് എംപിമാർക്കെതിരെ അവകാശ ലംഘന നോട്ടീസ്. ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളാണ് സഭയിലെ പ്രവർത്തന ചട്ടങ്ങളിലെ ചട്ടം 222 പ്രകാരം എംപിമാർക്കെതിരെ നോട്ടീസ് സമർപ്പിച്ചത്.
വി.ബി.ജി റാം ജി ബിൽ (VBG Ram G Bill) സഭയിൽ പരിഗണിക്കുന്ന വേളയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചർച്ചയ്ക്കിടെ കോൺഗ്രസ് എംപിമാർ പാർലമെന്ററി മര്യാദകൾ ലംഘിക്കുന്ന രീതിയിലുള്ള ഭാഷ ഉപയോഗിച്ചുവെന്നും, സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചെന്നുമാണ് പ്രധാന ആരോപണം. കൂടാതെ, ഗ്രാമവികസന മന്ത്രിക്കു നേരെയും സഭാ നടപടികൾക്ക് സഹായിക്കുന്ന ഉദ്യോഗസ്ഥർക്കു നേരെയും തടസ്സങ്ങൾ സൃഷ്ടിച്ചതായും സഞ്ജയ് ജയ്‌സ്വാൾ നൽകിയ നോട്ടീസിൽ പറയുന്നു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരായ അംഗങ്ങൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടി സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമെ ശശികാന്ത് സെന്തിൽ, എസ്. വെങ്കിടേശൻ, ജ്യോതിമണി തുടങ്ങിയവർക്കെതിരെയും പരാതിയുണ്ട്. ലഭിച്ച നോട്ടീസുകൾ പരിശോധിച്ച ശേഷം സ്പീക്കർ ഓം ബിർള ഈ പരാതി സഭയുടെ അവകാശ സമിതിയുടെ (Privileges Committee) പരിഗണനയ്ക്ക് വിട്ടു.