ലണ്ടൻ: യുകെയിലെ നോട്ടിങ്ങാമിൽ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പൊലീസ്. കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോര്‍ജി(47)നെയാണ് കാണാതായത്. കഴിഞ്ഞ മൂന്നു ദിവസമായി ഇദ്ദേഹം വീട്ടില്‍ എത്തിയിട്ടില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും അന്വേഷണം നടത്തുന്നുവെങ്കിലും സ്റ്റീഫനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് നോട്ടിങ്ങാംഷർ പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സ്റ്റീഫൻ ജോർജിനെ കണ്ടെത്തുന്നവർ വിവരം അറിയിക്കണം എന്ന് അഭ്യർഥിച്ച് അറിയിപ്പ് നൽകിയത്.
നോട്ടിങ്ങാമിലെ പീത്‌സ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സ്റ്റീഫൻ ജോർജ് പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ വീട്ടിൽ നിന്നും പോയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാല്‍ ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് ഫാക്ടറി ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.