വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതാ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഈ മാസം 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനമായത്.
പദ്ധതിയുടെ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ, നിർമ്മാണത്തിനുള്ള വിവിധ കമ്പനികളുമായി കരാർ ഒപ്പിടുന്നതിന്റെ അന്തിമഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത കരാറിലാണ് നിർമ്മാണം നടക്കുക. 2,134 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുക.
അതേസമയം, പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ലഭിക്കാത്തതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് തടസ്സങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.