സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ ഇലക്ട്രോണിക് അളവുതൂക്ക യന്ത്രങ്ങളുമായി ബന്ധിപ്പിക്കും. ഈ നടപടിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ കൃത്യത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2018 മുതൽ സംസ്ഥാനത്തെ 14,000-ത്തിലധികം റേഷൻ കടകളിൽ ഇ-പോസ് മെഷീനുകൾ വഴി വിതരണം മെച്ചപ്പെടുത്തിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് പുതിയ പരിഷ്കാരം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തൂക്കത്തിൽ കൃത്യത ഉറപ്പാക്കുന്നത്.
പുതിയ സംവിധാനം വരുന്നതോടെ, അളവുതൂക്ക യന്ത്രത്തിൽ നിന്നുള്ള വിവരങ്ങൾ ബ്ലൂടൂത്ത് വഴിയോ യുഎസ്ബി വഴിയോ നേരിട്ട് ഇ-പോസ് മെഷീനിലേക്ക് എത്തും. കൃത്യമായ തൂക്കം രേഖപ്പെടുത്തിയാൽ മാത്രമേ ബിൽ പ്രിന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും നടപ്പിലാക്കും. തട്ടിപ്പുകൾ ഒഴിവാക്കി ഉപഭോക്താക്കൾക്ക് കൃത്യമായ അളവിൽ സാധനങ്ങൾ നൽകാൻ ഇത് സഹായിക്കും.
ഇതിനാവശ്യമായ ഇലക്ട്രോണിക് അളവുതൂക്ക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റ് ആരംഭിച്ചിട്ടുണ്ട്.യന്ത്രങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, വാറന്റി എന്നിവയും ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണത്തിന് ശേഷം പുതിയ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2019-ൽ തിരുവനന്തപുരം ജില്ലയിലെ 10 റേഷൻ കടകളിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയം കണ്ടിരുന്നു. പൊതുവിതരണ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ് കേരളം. പുതിയ മാറ്റം വരുന്നതോടെ റേഷൻ വിതരണത്തിലെ പരാതികൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.