വൈകിട്ട് അഞ്ചുമണിക്ക് പകലത്തെ ഓട്ടവും കഴിഞ്ഞ് ടിവിയ്ക്ക് മുന്നിൽ കുത്തിയിരുന്ന് ആസ്വദിച്ചിരുന്ന,മൈക്കിൾ ജാക്സണും മഡോണയും നിറയുന്ന ആ ഇഷ്ട ചാനലുകൾ മിഴിയടയ്ക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം എംടിവി മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടുന്നു. MTV 80s, MTV മ്യൂസിക്, ക്ലബ് MTV, MTV 90s, MTV ലൈവ് സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചാനലുകളാണ് നിർത്തലാക്കുന്നത്. ഡിസംബർ 31 മുതൽ ഈ ചാനലുകൾ പ്രേക്ഷകർക്ക് ലഭിക്കില്ലെന്നാണ് പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചത്. പക്ഷേ MTV HD എന്ന ചാനലിൽ റിയാലിറ്റി ഷോകളുടെ സംപ്രേഷണം തുടരും.
ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ എന്നിവ സംഗീത ലോകം കീഴടക്കിയതോടെ, എംടിവി ചാനലിലൂടെ മ്യൂസിക് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായി. ഏതാനും മാസങ്ങൾക്ക് മുമ്പ് പാരാമൗണ്ട് ഗ്ലോബൽ സ്കൈഡാൻസ് മീഡിയയുമായി ലയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ഇത് ആഗോളതലത്തിൽ 500 മില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ പദ്ധതികൾക്ക് തുടക്കമിട്ടതായും റിപ്പോർട്ടുണ്ട്.