Share this Article
News Malayalam 24x7
പോരാട്ടം തുടരും; സെക്രട്ടറിയേറ്റ് നടയില്‍ നിന്ന് ആശാസമരം ജില്ലാ കേന്ദ്രങ്ങളിലേക്ക്
ASHA Workers' Protest to Continue,

സെക്രട്ടേറിയേറ്റ് നടയിൽ നടന്ന ആശാ വർക്കർമാരുടെ സഹനസമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇനി രാപകൽ സമരം ഉണ്ടാകില്ലെങ്കിലും, മറ്റ് ആവശ്യങ്ങൾ ഉന്നയിച്ച് പോരാട്ടം തുടരുമെന്ന് ആശാ പ്രവർത്തകർ വ്യക്തമാക്കി. സ്ത്രീ തൊഴിലാളികളുടെ പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായി ഈ സമരം അടയാളപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു.


പ്രതിഷേധത്തിന്റെ ആദ്യദിനം മുതൽ തന്നെ സമരക്കാരുടെ ഉദ്ദേശ്യശുദ്ധിയെ ഭരണമുന്നണിയും സർക്കാരും ചോദ്യം ചെയ്തിരുന്നു. എന്നാൽ, സൈബർ ആക്രമണങ്ങളെയും ആക്ഷേപങ്ങളെയും അതിജീവിച്ചാണ് ആശാ പ്രവർത്തകർ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉറച്ചുനിന്നത്. മിനിമം വേതനം, വർധിപ്പിച്ച ഓണറേറിയം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


ആശ ജനറൽ സെക്രട്ടറി എം.പി. ബിന്ദു, കെ.എച്ച്.ഡബ്ല്യു.എ വൈസ് പ്രസിഡൻ്റ് എസ്. മിനി, കെ.എച്ച്.ഡബ്ല്യു.എ പ്രസിഡൻ്റ് വി.കെ. സദാശിവൻ തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. "ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണ് എന്ന് അവരെക്കൊണ്ട് പറയിക്കാനും അത് ബോധ്യപ്പെടുത്താനും കഴിഞ്ഞു എന്നത് ഈ സമരത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്" എന്ന് എം.പി. ബിന്ദു അഭിപ്രായപ്പെട്ടു.


കല്ലുമാല സമരം, ചാന്നാർ ലഹള, മേച്ചിൽപ്പുല്ല് സമരം തുടങ്ങി ഈ നാട്ടിലെ സ്ത്രീകൾ അന്തസ്സോടെ ജീവിക്കാൻ നടത്തിയ അവകാശപ്പോരാട്ടങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായത്തിൽ ഇനി ആശാ പ്രവർത്തകരുടെയും സഹനസമരത്തിന്റെയും പേരുമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ഈ സ്ത്രീകളുടെ പോരാട്ട ശബ്ദത്തിന് കരുത്ത് പകർന്ന് പുരുഷന്മാരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സമരം താൽക്കാലികമായി പിൻവലിച്ചെങ്കിലും, ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ആശാ പ്രവർത്തകർ പ്രഖ്യാപിച്ചു.







നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories