തിരുവനന്തപുരം: ശബരിമലയിൽ ആചാര സംരക്ഷണത്തിനായി സംസ്ഥാനസർക്കാർ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ ഒഴിവാക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴയ്ക്കുന്നില്ല. എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ചു നിൽക്കുമെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല. പക്ഷേ നിലവിൽ ശബരിമലയിലുള്ള പഴയ രീതി തുടരുമെന്നാണ് കരുതുന്നത്. നിലവിൽ പഴയ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ പ്രതീക്ഷയുണ്ട്.വിഷയത്തിൽ സുപ്രീം കോടതി ന്യായമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനും ഇടപെടാം. പക്ഷേ അവരുടെ നിലപാടെന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല.
നേരത്തെ ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും.വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു.