തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ചതിനു പിന്നാലെ ചാണ്ടി ഉമ്മൻ എംഎൽയ്ക്കും ഷമ മുഹമ്മദിനും പുതിയ പദവികൾ നൽകി. അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ടാലന്‍റ് ഹണ്ട് കോഡിനേറ്ററായി ചാണ്ടി ഉമ്മനെയും ഗോവയുടെ ചുമതല ഷമ മുഹമ്മദിനും നൽകി.കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ തുടരുന്ന സാഹചര‍്യത്തിലാണ് ഇരുവർക്കും പുതിയ പദവികൾ നൽകിയിരിക്കുന്നത്.
അതേസമയം, ജോർജ് കുര‍്യന് കേരളത്തിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്. 13 ഉപാധ‍്യക്ഷന്മാരെയും 59 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിപിസിസി പട്ടിക പുറത്തിറക്കിയതിനു പിന്നാലെയായിരുന്നു ചാണ്ടി ഉമ്മൻ അതൃപ്തി പരസ‍്യമാക്കിയത്.അബിൻ വർക്കി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് അർഹതയുള്ള വ്യക്തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തിൽ അബിനു വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മൻ എംഎൽഎ ദിവസങ്ങൾക്കു മുൻപ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെകൂടി അഭിപ്രായം പരിഗണിച്ചതിനു ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. ‘‘കഴിഞ്ഞ വർഷം എന്റെ പിതാവിന്റെ ഓർമദിനത്തിൽ എന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കി. മാനസികമായി വളരെയധികം വിഷമമുണ്ടായി. എന്നോടു പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിൽ പുറത്താക്കുകയായിരുന്നു. അന്നും പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണു ഞാൻ സ്വീകരിച്ചത്. അതേ നിലപാട് അബിനും എടുക്കുമെന്നാണു കരുതുന്നത്’’– എന്നൊക്കെയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം