പശ്ചിമേഷ്യയിൽ ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ, യുഎഇയിലെ ഫുജൈറ എണ്ണ സംഭരണശാലയിൽ നിന്നും ഇന്ത്യൻ കപ്പൽ യാത്ര തിരിച്ചു. 80,800 ടൺ മർബൻ ക്രൂഡ് ഓയിലുമായി 'ജഗ് ലാഡ്കി' എന്ന കപ്പലാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ഫുജൈറ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇറാൻ്റെ ആക്രമണം ഉണ്ടായ സമയത്ത് ഈ കപ്പലിൽ എണ്ണ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു. കപ്പലിനും ജീവനക്കാർക്കും യാതൊരുവിധ പരിക്കുകളും ഏറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന മേഖലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ കപ്പലാണ് ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപ് രണ്ട് കപ്പലുകൾ സുരക്ഷിതമായി മേഖലയിൽ നിന്ന് തിരിച്ചുപോയിരുന്നു.
ഇറാൻ്റെ പ്രത്യാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ എണ്ണ വിതരണവും സുരക്ഷയും അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.