Share this Article
News Malayalam 24x7
24കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ്; മതം മാറ്റാനും ശ്രമമെന്ന് പരാതി
വെബ് ടീം
0 hours 59 Minutes Ago
1 min read
nagpur

മുംബൈ: നാഗ്‌പുരിനെ നടുക്കുന്ന വിവരങ്ങളാണ് 24കാരിയുടെ പരാതിയിലും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലും ഉള്ളത്.  വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയും 24കാരിയുമായ യുവതിയെ  മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിലിങിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും നിർബന്ധിത മതം മാറ്റത്തിന് ഇരയാക്കുകയും ചെയ്തതായാണ് പരാതി.യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), അമീൻ ഷെയ്ഖ് (30) എന്നിവർ പിടിയിലായിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാനയ്ക്കായുള്ള അന്വേഷണവും നടക്കുന്നുണ്ട്.

ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ, നിർബന്ധിത മതം മാറ്റം തുടങ്ങിയ വകുപ്പുകൾക്ക് പുറമെ മഹാരാഷ്ട്രയിലെ നരബലിയും മറ്റ് മനുഷ്യത്വരഹിതമായ ആചാരങ്ങളും ബ്ലാക്ക് മാജിക്കും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതി വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. 2025 ഫെബ്രുവരിയിൽ ഒരു പ്ലോട്ട് വാങ്ങാനെന്ന വ്യാജേന അയ്യാസ് യുവതിയെ ബന്ധപ്പെടുകയും വാർധ റോഡിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. അവിടെ വെച്ച് ലഹരി കലർന്ന ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഏകദേശം 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

പീഡനത്തിന് പിന്നാലെ യുവതിയെ മതം മാറ്റാൻ പ്രതികൾ സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. മെയ് മാസത്തിൽ നാഗ്പുരിലെ കാൽമേശ്വറിലുള്ള ഒരു വിജനമായ സ്ഥലത്തെത്തിച്ച് മതപരമായ ചടങ്ങുകൾ നടത്തി യുവതിയുടെ മതം മാറ്റം പൂർത്തിയായതായി പ്രതികൾ അവകാശപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. "എന്നെ വിടൂ" എന്ന് കരഞ്ഞു പറയുന്ന യുവതിയുടെ കൈകളിൽ അയ്യാസ് ബലമായി പിടിച്ചു നിൽക്കുന്നതും മന്ത്രങ്ങൾ ചൊല്ലി യുവതിയുടെ മേൽ ആവർത്തിച്ച് ഊതുന്നതും വീഡിയോയിൽ കാണാം. മതം മാറ്റിയതിന് പിന്നാലെ യുവതിയെ അയ്യാസ് വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.വിവാഹിതയായതിനാൽ ഭയപ്പെട്ടാണ് യുവതി ഇത്രകാലം ഈ പീഡനങ്ങൾ പുറത്തുപറയാതിരുന്നത്. എന്നാൽ മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭർത്താവിനോട് യുവതി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുകയും തുടർന്ന് ജൂൺ 13-ന് സോനെഗാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പോലീസ് മുഖ്യ തെളിവായി സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

യുവതിയെ നിർബന്ധിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories