നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട കോടതി നടപടിയെയാണ് പ്രോസിക്യൂഷൻ പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിൽ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് (ഡി.ജി.പി) കൈമാറും. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം സർക്കാർ ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്.
എട്ടാം പ്രതിയെ വെറുതെവിട്ട നടപടിക്കെതിരെ വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവിലെ പിഴവുകളും, ഗൂഢാലോചന തെളിയിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിധിപ്പകർപ്പ് മുഴുവനായും വായിച്ച് പരിശോധിച്ച ശേഷമായിരിക്കും ഹൈക്കോടതിയിൽ അപ്പീൽ നൽകുക. വിധിപ്പകർപ്പിന്റെ പകർപ്പ് നേരത്തെ പ്രോസിക്യൂഷന് ലഭിച്ചിരുന്നു. കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണ് സർക്കാരും പ്രോസിക്യൂഷനും എന്ന നിലപാട് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ, കേസിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.