ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയ ഹൈദരാബാദ് സ്വദേശി നാഗേഷിനെ ചോദ്യം ചെയ്യാനാണ് അന്വേഷണം ഹൈദരാബാദിലേക്ക് എത്തുന്നത്.
ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ പരിശോധന നടത്തിയിരുന്നു. സ്മാർട്ട് ക്രിയേഷൻസിലെ ജീവനക്കാർക്ക് പുറമെ ദേവസ്വം ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തു. 2019-ൽ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധന. ദേവസ്വം ബോർഡ് എട്ട് പ്രതികളായിട്ടുള്ള ഒരു കേസും ഉണ്ണികൃഷ്ണൻ പോറ്റി പത്ത് പ്രതികളായിട്ടുള്ള മറ്റൊരു കേസുമാണ് അന്വേഷണ സംഘം പ്രത്യേകം അന്വേഷിക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളികളാണ് അടിച്ചുമാറ്റിയത്. അറ്റകുറ്റപ്പണിക്കായി ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഉണ്ണികൃഷ്ണൻ പോറ്റിയും നാഗേഷും തമ്മിൽ ദീർഘകാലമായി സൗഹൃദമുണ്ടെന്ന് കണ്ടെത്തി. സ്വർണപ്പാളി കൊണ്ടുപോയി തിരികെ വരുമ്പോൾ നാല് കിലോ സ്വർണത്തിന്റെ കുറവുണ്ടായിരുന്നു എന്നത് ഹൈക്കോടതി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഈ നാല് കിലോ സ്വർണം നാഗേഷിന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി മോഷ്ടിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് നാഗേഷിനെ ചോദ്യം ചെയ്യാനുള്ള നീക്കം.
ശബരിമലയിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിലേക്കും തുടർന്ന് ഹൈദരാബാദിലേക്കും യാത്ര തിരിക്കാനാണ് ഒരുങ്ങുന്നത്. നാഗേഷിന് ഉടൻ നോട്ടീസ് നൽകി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്ന് അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സ്മാർട്ട് ക്രിയേഷൻസിന്റെയും കൂടുതൽ വിവരങ്ങൾ ഹൈദരാബാദ് സന്ദർശനത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.