Share this Article
News Malayalam 24x7
പതിമൂന്ന്‌ ദിവസം അമ്മയ്ക്കായി കാത്തിരുന്നു; ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു
വെബ് ടീം
posted on 28-06-2023
1 min read
Baby Elephant Death at Attappady

13 ദിവസമായി അമ്മയെ കാത്തുകഴിഞ്ഞ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ കൂട്ടിലാണ് ചൊവ്വാ രാത്രി പതിനൊന്നരയോടെ കാട്ടാനക്കുട്ടി ചരിഞ്ഞത്. തിങ്കളാഴ്ച രാവിലെ അവശനിലയിൽ കിടന്ന കുട്ടിക്കൊമ്പന്‌ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം ചികിത്സ നൽകി. തുടർന്ന് എഴുന്നേറ്റ് ലാക്ടോജൻ അടങ്ങിയ ഭക്ഷണവും പുല്ലും തിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ നടന്നിരുന്ന കുട്ടിക്കൊമ്പൻ ഉച്ചയോടെയാണ് അവശനിലയിലായത്‌.

അമ്മയെത്തി കൂടെ കൂട്ടുമെന്ന പ്രതീക്ഷയിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ പതിമൂന്ന്‌ ദിവസവമായി കഴിയുകയായിരുന്നു ഇവൻ. ഈ മാസം പതിനഞ്ചിനാണ്‌ പാലൂരിലെ സ്വകാര്യ തോട്ടത്തിൽ ഒരു വയസ്സുള്ള കുട്ടിക്കൊമ്പനെ അവശനിലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. പുതൂർ വനംവകുപ്പിന്റെ ഭൂതപ്രതികരണസംഘമെത്തി കാട്ടാനക്കുട്ടിയെ ഉച്ചയോടെ അമ്മയാനയോടൊപ്പം ചേർത്തതിനുശേഷം തിരിച്ചിറങ്ങി.വൈകുന്നേരത്തോടെ കാട്ടാനക്കുട്ടി വീണ്ടും പാലൂരിലെ അയ്യപ്പന്റെ വീട്ടിലെത്തി. വനംവകുപ്പെത്തി കാട്ടിലേക്ക് മാറ്റിയെങ്കിലും അമ്മയാന കൂടെ കൂട്ടാതെ വന്നതോടെ കുട്ടിക്കൊമ്പൻ ഒറ്റപ്പെട്ടു.

ജൂൺ 16-ന് ദൊവുക്കട്ടിയിലെ കൃഷ്ണവനത്തിൽ താത്കാലിക കൂടൊരുക്കി അമ്മയാനയ്ക്കായി വനംവകുപ്പ് കാത്തിരുന്നു. അമ്മയാന കൂടിനു സമീപമെത്തിയെങ്കിലും അന്നും കുട്ടിയാനയെ കൂടെ കുട്ടിയില്ല. അടുത്ത ദിവസം ബൊമ്മിയാംപടിയിലെ ക്യാമ്പ് ഷെഡ്ഡിന് സമീപം താത്കാലിക കൂടൊരുക്കി കുട്ടിക്കൊമ്പനെ ഈ കൂട്ടിലേക്ക് മാറ്റി. ലാക്ടോജൻ അടങ്ങിയ ഭക്ഷണവും കരിക്കിൻവെള്ളവും തണ്ണിമത്തനും നൽകി. ക്ഷീണം മാറിയ കുട്ടിക്കൊമ്പൻ ഓടിക്കളിച്ചിരുന്നെങ്കിലും ഇടയ്ക്കു ക്ഷീണം അനുഭവപ്പെട്ടതോടെ ഡോക്ടർമാരെത്തി ചികിത്സ നൽകി. രാത്രി കാലങ്ങളിൽ കുട്ടിക്കൊമ്പന് തണുപ്പേൽക്കാതിരിക്കാൻ കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടത്തിലായിരുന്നു മാറ്റിക്കിടത്തിയിരുന്നത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories