സര്‍ക്കാര്‍ ജീവനക്കാരുടെ സ്പാര്‍ക്ക് വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് ഹര്‍ജി.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്കില്‍ നല്‍കിയ വിവരങ്ങളില്‍ നിന്നും നിയമവിരുദ്ധമായി ഫോണ്‍ നമ്പര്‍ ശേഖരിച്ചു സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിച്ചെന്നാരോപിച്ച് രണ്ട് ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശം ലഭിച്ചത്.
ഡി എ വര്‍ധന, ശമ്പളം പരിഷ്‌കാരണം തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആയിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക് മാത്രമല്ല, സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും സംരഭകര്‍ക്കും പ്രചാരത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങള്‍ ലഭിച്ചു. വ്യക്തികളുടെ ഫോണ്‍ നമ്പറും മറ്റും വിവരങ്ങളും അവരുടെ അനുമതി ഇല്ലാതെ ശേഖരിച്ചത് സ്വകാര്യതയുടെ ലംഘനവും സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.