Share this Article
News Malayalam 24x7
സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
വെബ് ടീം
posted on 24-09-2025
1 min read
EXAM

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർത്ഥികൾ ആവശ്യമെങ്കിൽ മാത്രം എഴുതിയാൽ മതി. ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.

ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. ഇത്തവണ പത്താം ക്ലാസ് പരീക്ഷ രണ്ട് തവണ നടത്തും. രാവിലെ 10.30നാണ് എല്ലാ പരീക്ഷകളും ആരംഭിക്കുക. പരീക്ഷ പൂർത്തിയായി പത്ത് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) നിർദ്ദേശം പുറപ്പെടുവിച്ചു. അക്കാദമിക്, ഹാജർ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ഓപ്പൺ, ഡിസ്റ്റൻസ് ലേണിംഗ് മാതൃകയിൽ പ്രവർത്തിക്കുമ്പോൾ സിബിഎസ്ഇ സ്കൂൾ ചട്ടക്കൂടിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് നിർദേശത്തിൽ ഊന്നിപ്പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories