പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ വീട്ടിൽ സൈബർ പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ പ്രധാന തൊണ്ടിമുതലായ ലാപ്ടോപ്പ് പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പ് ലാപ്ടോപ്പ് ഒളിപ്പിച്ചു വെച്ചതായി രാഹുൽ ഈശ്വർ തന്നെ ഒരു വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
പരാതിക്കാരിയായ യുവതിക്കെതിരെ സൈബർ ഇടങ്ങളിൽ അപമാനിച്ചു എന്ന കേസിലാണ് രാഹുൽ ഈശ്വറിനെതിരെ നടപടി. രാഹുൽ ഈശ്വറിന് പുറമെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, രഞ്ജിത പുളിക്കൽ, ദീപ ജോസഫ് എന്നിവരും കേസിലെ പ്രതികളാണ്. ഇവർക്കെതിരെയും സമാന കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.