ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിലനിൽക്കുന്ന ആചാരങ്ങൾ അതേപടി സംരക്ഷിക്കപ്പെടണമെന്നും യുവതീപ്രവേശം അനുവദിക്കരുതെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
2019-ൽ യുവതീപ്രവേശത്തെ അനുകൂലിച്ചാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാടെടുത്തിരുന്നത്. അന്ന് നൽകിയ സത്യവാങ്മൂലം തിരുത്തിക്കൊണ്ടായിരിക്കും പുതിയ നിലപാട് ബോർഡ് കോടതിയെ അറിയിക്കുക. ശബരിമലയിലെ ആചാരങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും വിശ്വാസികളുടെ വികാരം മാനിക്കണമെന്നും യോഗം വിലയിരുത്തി.
സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചാണ് നിലവിൽ ശബരിമല കേസുകൾ പരിഗണിക്കുന്നത്. കേസിൽ മാർച്ച് 14-നകം പുതിയ നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് അടിയന്തരമായി യോഗം ചേർന്ന് പഴയ നിലപാട് തിരുത്താൻ തീരുമാനിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചു. ശബരിമലയുടെ തനതായ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്തിന് മുൻപായി തന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്താനാണ് ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.