ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ കനക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ നടക്കാനിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ഇന്ത്യയുടെ താൽപ്പര്യങ്ങളെ എപ്രകാരം ബാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമിതി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾ, വിദ്യാർത്ഥികൾ, സഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്ക് അടക്കം ഇറാൻ നിയന്ത്രണത്തിലാക്കിയത് എണ്ണ ഇറക്കുമതിയെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്കയും യോഗം വിലയിരുത്തി. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് രാജ്യങ്ങൾ ശ്രമിക്കണമെന്ന് ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന കേരള സിലബസ് പരീക്ഷകളാണ് മാറ്റിവെച്ചത്. മാർച്ച് 5-ന് നടക്കേണ്ടിയിരുന്ന എസ്.എസ്.എൽ.സി പരീക്ഷയും, മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം, കേരളത്തിലെ പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
സംഘർഷം മൂലം പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപകർ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷകൾ പരിശോധിച്ച് കുട്ടികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ തുടങ്ങി വിവിധ വകുപ്പ് സെക്രട്ടറിമാരും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംബന്ധിച്ചു.