രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ പരസ്യമായി അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം അനുഷ്ഠിച്ചുവരികയാണ്. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ജാമ്യഹർജി നൽകിയിരുന്നെങ്കിലും അത് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതേത്തുടർന്നാണ് അഡീഷണൽ സി.ജെ.എം കോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചത്.
രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെ ഉച്ചയോടെയാണ് രാഹുൽ ഈശ്വറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതി നൽകിയ യുവതിയെ പേരു വെളിപ്പെടുത്തിയും മോശമായി ചിത്രീകരിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു എന്നതാണ് രാഹുൽ ഈശ്വറിനെതിരെയുള്ള കുറ്റം.