കർണാടക: ശിവമൊഗയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്ഐയുടെ മാല മോഷണം പോയി. ശിവമൊഗയിലെ കോട്ടെ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അമൃതയുടെ മാലയാണ് മോഷണം പോയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എഎസ്ഐ അമൃതയുടെ 5 പവൻ മാല നഷ്ടപ്പെട്ടത്.സ്വർണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവർത്തകരെ അറിയിച്ചത്. തുടർന്ന് പരിസരമാകെ തെരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല.
തിരക്കിനിടയിൽ ആരോ മാലയിൽ പിടിച്ചു വലിക്കുകയായിരുന്നു എന്ന് അമൃത പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കർണാടകത്തിൽ കോൺഗ്രസ് സമരം സംഘടിപ്പിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ശിവമൊഗയിലെ ബിജെപി ഓഫീസിന് മുന്നിലും പ്രതിഷേധം നടന്നത്. ഈ പ്രതിഷേധക്കാരിലെ സ്ത്രീകളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയാണ് എഎസ്ഐ അമൃത. കുത്തിയിരിപ്പിന് ശേഷം ബാരിക്കേഡിന് മുകളിൽ കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ എല്ലാവരെയും അറസ്റ്റ് ചെയ്തു.ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് അമൃതയ്ക്ക് കഴുത്തിൽ കിടന്ന മാല നഷ്ടമായത്.
പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.