മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം കടലിൽ ബോട്ട് മറിഞ്ഞ് 3 ഇന്ത്യക്കാർ മരിക്കുകയും 5 പേരെ കാണാതാവുകയും ചെയ്തു. സ്കോർപിയോ മറൈൻ മാനേജ്മെന്റിന് കീഴിലുള്ള എണ്ണ ടാങ്കർ കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുവരികയായിരുന്ന ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്.
ബോട്ടിൽ ആകെ 21 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 2 പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ രക്ഷപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഡി.ജി. ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ പൗരനെ കോൺസുലേറ്റ് അധികൃതർ സന്ദർശിച്ചു.മരിച്ചവരുടെ വിവരങ്ങളോ കാണാതായവരെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങളോ ലഭ്യമായിട്ടില്ല.