തമിഴ്നാട് കരൂരിലെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നൽകും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് നടത്താനിരുന്ന തന്റെ റാലികളും പര്യടനവും തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ വിജയ് തീരുമാനിച്ചു. കൂടാതെ, സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ടിവികെ തീരുമാനമെടുത്തിട്ടുണ്ട്.
വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ ദുരന്തത്തിൽ 17 സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടെ 30 പേർ മരിക്കുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഒന്നര വയസ്സുള്ള ഒരു കുഞ്ഞും 9 കുട്ടികളും ഉൾപ്പെടുന്നു. റാലിയിൽ പങ്കെടുത്ത 1 ലക്ഷത്തിലധികം പേരാണ് അപകടത്തിന് കാരണമായതെന്നാണ് അനൗദ്യോഗിക കണക്കുകൾ.