Share this Article
News Malayalam 24x7
തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി
വെബ് ടീം
9 hours 28 Minutes Ago
1 min read
-paethongtarn-shinawatra

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിൽ ആണ് നടപടി. പയേതുങ്താൻ ധാർമികത ലംഘിച്ചെന്ന് കോടതി വിലയിരുത്തി. ‘പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചില്ല.  രാജ്യത്തേക്കാൾ സ്വന്തം താൽപ്പര്യങ്ങൾക്കാണ് അവർ മുൻഗണന നൽകിയത്’– കോടതി വിധിയിൽ പറഞ്ഞു. ഭരണഘടനാ കോടതിയിലെ 9 ജഡ്ജിമാരിൽ 6 പേർ പയേതുങ്താനെതിരെ വോട്ടു ചെയ്തു. കോടതി വിധി അംഗീകരിക്കുന്നതായി പയേതുങ്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

പ്രധാനമന്ത്രിയെ നേരത്തേ ഭരണഘടനാ കോടതി സസ്പെൻഡ് ചെയ്തിരുന്നു. പയേതുങ്താൻ അവകാശലംഘനം നടത്തിയെന്ന പരാതിയിൽ ദേശീയ അഴിമതിവിരുദ്ധ കമ്മിഷനും അന്വേഷണം നടത്തി റിപ്പോർട്ടു സമർപിച്ചിരുന്നു. ജൂൺ 15നു പയേതുങ്താൻ നടത്തിയ ഫോൺസംഭാഷണത്തിൽ കംബോഡിയൻ സെനറ്റ് പ്രസിഡന്റും മുതിർന്ന നേതാവുമായ ഹുൻ സായെനിനെ ‘അങ്കിൾ’ എന്നു വിളിച്ചു പ്രീണിപ്പിക്കാൻ ശ്രമിച്ചതും തായ് സൈനിക ജനറലിനെപ്പറ്റി മതിപ്പില്ലാതെ സംസാരിച്ചതുമാണു വിവാദമായത്. സംഭാഷണത്തിന്റെ ഓഡിയോ ഹുൻ സായെൻ പുറത്തുവിട്ടതോടെയാണു സൈന്യത്തെ അപമാനിച്ചുവെന്ന പേരിൽ തായ്‌ലൻഡിൽ പ്രതിഷേധം ഉയർന്നത്.28നു കംബോഡിയ–തായ്‌ലൻഡ് അതിർത്തി സംഘർഷത്തിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. പ്രശ്നം തീർക്കാനായി പയേതുങ്താൻ നടത്തിയ നയതന്ത്രമാണു പാളിയത്.

സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് പ്രധാന ഘടകകക്ഷി മന്ത്രിസഭ വിട്ടതോടെ കൂട്ടുകക്ഷി സർക്കാരിന്റെ ഭാവിയും തുലാസിലായി. തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി കഴിഞ്ഞവർഷം സ്ഥാനമേറ്റ പയേതുങ്താൻ, മുൻപ്രധാനമന്തി തക്സിൻ ഷിനവത്രയുടെ മകളാണ്. വ്യക്തിപരമായി പ്രയോജനം ചെയ്യുന്നതൊന്നും ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടില്ലെന്നും, സമാധാനം നിലനിർത്താനുള്ള നയതന്ത്രസംഭാഷണമാണ് നടത്തിയതെന്നും പയേതുങ്താൻ ഷിനവത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories