റാപ്പർ വേടന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം. തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍, സംവിധായിക ശ്രുതി ശരണ്യം തുടങ്ങിയവർ സാമൂഹ്യമാധ്യമങ്ങളൂടെ പ്രതിഷേധം അറിയിച്ചു. പീഡകരെ സംരക്ഷിക്കില്ല എന്ന് സര്‍ക്കാര്‍ മറന്നുവെന്നും ഫിലിം ജൂറി പെണ്‍ കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ പറഞ്ഞു. സ്ഥിരം ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കുകയാണെന്ന് ശ്രുതി ശരണ്യവും ഫേസ്ബുക്കിൽ കുറിച്ചു.
"വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന തലക്കെട്ടോടെയുള്ള ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, പരാതിക്കാരിയുടെ മുറിവിൽ നിന്നുതിർന്ന ചോരയിൽ ഈ പുരസ്കാരം ഒരു അന്യായമാണെന്ന് ശക്തമായി രേഖപ്പെടുത്തുന്നു. ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്ത ഈ തീരുമാനം, കോടതി കയറിയാൽ പോലും റദ്ദാക്കാനാകാത്ത ഒന്നാണെന്നും അവർ ചൂണ്ടിക്കാട്ടി. 'ബ്രീച്ച് ഓഫ് ട്രസ്റ്റ്' ആണ് ജൂറി തീരുമാനം എന്നും ദീദി ദാമോദരൻ ആരോപിച്ചു.
സർക്കാർ നടത്തിയ ഫിലിം കോൺക്ലേവിൽ 'പീഡകരെ സംരക്ഷിക്കില്ല' എന്ന നയപ്രഖ്യാപനങ്ങളുടെ ലംഘനമാണ് ഈ അവാർഡ് തീരുമാനം എന്നും ദീദി ദാമോദരൻ തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഈ വിവാദം ചലച്ചിത്ര ലോകത്തും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.