 
                                 
                        തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തമിഴ്‌നാടിനു മുകളില്‍ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ/ ഇടത്തരം  മഴയ്ക്ക്  സാധ്യതയെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍  ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ സാധ്യത
നവംബര്‍ 25 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബര്‍ 26 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു  നവംബര്‍ 27 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്രന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    