ലോകത്ത് സമാധാനം കൊണ്ടുവരുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം യുഎന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. രണ്ടാം തവണ പ്രസിഡന്റായ ശേഷം ഐക്യരാഷ്ട്ര സഭയെ ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. കുടിയേറ്റ പ്രോത്സാഹനത്തിലൂടെ യുഎന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം വളര്‍ത്തുകയാണന്നും നരകത്തിലേക്കാണ് പോക്കെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ആഗോളതാപനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ അപലപിച്ച ട്രംപ് കാലാവസ്ഥാ വ്യതിയാന ആശങ്കകളെ വലിയ വഞ്ചന' എന്നും വിളിച്ചു. ഐക്യരാഷ്ട്രസഭ ആകെ ചെയ്യുന്നത് കത്തെഴുതല്‍ മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിന് യൂറോപ്യന്‍ സഖ്യകക്ഷികളേയും ചൈനയെയും ഇന്ത്യയെയും ട്രംപ് വിമർശിച്ചു. പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കില്ലെന്നും, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങള്‍ ഹമാസിന് നല്‍കിയ പ്രതിഫലമാണ് അതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.