കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പർ പോരാട്ടം നവംബർ 17-ന് കൊച്ചിയിൽ നടക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് മത്സര തീയതി സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ഡാറ്റോ അഗസ്റ്റിൻ അറിയിച്ചു.
മത്സരത്തിന്റെ തലേദിവസം എല്ലാ ഫുട്ബോൾ പ്രേമികൾക്കും സൂപ്പർ താരം ലയണൽ മെസ്സിയെ നേരിൽ കാണാൻ അവസരം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മത്സരം കേരളത്തിന്റെ കായിക ഭൂപടത്തെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിനായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം അതിവേഗം ഒരുങ്ങുകയാണ്. 70 കോടി രൂപ ചെലവിട്ട് ഫിഫാ മാനദണ്ഡങ്ങൾ പാലിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നത്. ഈ പുനർനിർമ്മാണം സ്റ്റേഡിയത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും അധികൃതർ അറിയിച്ചു.