മഹാരാഷ്ട്രയിലെ സോലാപൂരില്‍ പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരുന്ന 16കാരന്‍ ജീവനൊടുക്കി. ശിവ്ശരണ്‍ ഭൂട്ടാലി തല്‍ക്കോട്ടിയെന്ന വിദ്യാര്‍ഥിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ മരിച്ചതിന്റെ ദുഃഖത്തില്‍ കഴിഞ്ഞിരുന്ന ശിവ്ശരണ്‍ സ്വപ്‌നത്തില്‍ അമ്മ വന്ന വിളിച്ചതിനാല്‍ ഒപ്പം പോകുകയാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചാണ് ശിവ്ശരണിന്റെ അമ്മ മരിച്ചത്.ജീവിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് മരിക്കുന്നതെന്നും അമ്മ മരിച്ചപ്പോള്‍ തന്നെ താനും ഒപ്പം പോകണമായിരുന്നെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖമോര്‍ത്തിട്ടാണ് പിടിച്ചുനിന്നത്. എന്നാല്‍ ഇന്നലെ താന്‍ വിഷമിക്കണ്ടെന്നും ഒപ്പം വരാനും അമ്മ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു. അതുകൊണ്ട് അമ്മയ്‌ക്കൊപ്പം പോവുകയാണെന്നും കുറിപ്പിലുണ്ട്.കൂടാതെ അനിയത്തിയെ നന്നായി നോക്കണമെന്നും മുത്തശ്ശിയെ ഒരിക്കലും തന്റെ അച്ഛനൊപ്പം പറഞ്ഞുവിടരുതെന്നൊരു അപേക്ഷയും കത്തിലുണ്ട്.
"ഞാന്‍ ശിവ്ശരണ്‍. ഞാന്‍ മരിക്കുന്നത് എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ്. അമ്മ മരിച്ചപ്പൊഴേ പോകേണ്ടതായിരുന്നു, പക്ഷേ അമ്മാവന്‍റേയും, മുത്തശ്ശിയേയും ഓർത്താണ് ജീവിച്ചത്. അമ്മ ഇന്നലെ സ്വപ്നത്തിൽ വന്നു, എന്തിനാണ് വിഷമിച്ചിരിക്കുന്നത്...കൂടെ പോരാന്‍ പറഞ്ഞു. അതാണ് ഞാന്‍ മരിക്കാന്‍ തീരുമാനിച്ചത്. അമ്മാവനും മുത്തശ്ശിയും എന്നെ ഒരുപാട് ലാളിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്, അവരോടെന്നും ഞാന്‍ കടപ്പെട്ടിരിക്കും" എന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ച ശിവ്ശരണ്‍ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് അമ്മയുടെ മരണം മാനസികമായി തകര്‍ത്തത്. ഡോക്ടറാകണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ശിവ്ശരണ്‍ ജീവനൊടുക്കിയത്. സോലാപൂര്‍ സിറ്റി പൊലീസ് സംഭവത്തില്‍ കേസെടുത്തു.