Share this Article
Union Budget
ലെഫ്. കേണല്‍ പദവി പിന്‍വലിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്; രാജ്യം ഭീകരതയ്‌ക്കെതിരെ പോരാടുമ്പോള്‍ മോഹന്‍ലാല്‍ ജമാ അത്തെ ഇസ്ലാമി വേദിയില്‍; വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം
വെബ് ടീം
6 hours 45 Minutes Ago
1 min read
MOHANLAL

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള 'ഗള്‍ഫ് മാധ്യമം' ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം.''മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്''- ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നു.

യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന സംശയം ഉയര്‍ത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ പാകിസ്ഥാനില്‍ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങള്‍ ഉയരുന്നതായി ലേഖനം സൂചിപ്പിക്കുന്നു.സാമൂഹ്യ സംഘടനയാണെന്ന് ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തോട് യഥാര്‍ത്ഥ പ്രതിബദ്ധത കാണാനാകില്ല. മാത്രമല്ല ഇവരുടെ പ്രതിഷേധങ്ങളില്‍ വിദേശ ഭീകരരെ മഹത്വവത്കരിക്കുന്നു. ഇത് അവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങളെക്കുറിച്ച് ആശങ്കപ്പെടുത്തുന്നുണ്ട്.

രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യവും, ഇന്ത്യന്‍ സൈന്യത്തിലെ മോഹന്‍ലാലിന്റെ പദവിയും കണക്കിലെടുക്കുമ്പോള്‍ , ഈ സംഭവം അനുചിതമാണെന്ന് പലരും വിശ്വസിക്കുന്നു. മോഹന്‍ലാലിന്റെ ഓണററി സൈനിക പദവി പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.നേരത്തെ മോഹന്‍ലാല്‍ നായകനായ എംപുരാന്‍ സിനിമയ്‌ക്കെതിരെ ഓര്‍ഗനൈസര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഇസ്ലാമിക ഭീകരതയെ അനുകമ്പയോടെ ചിത്രീകരിക്കുന്ന സിനിമയാണ് എംപുരാന്‍. ഹൈന്ദവ പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക ഭീകരതയുടെ മൂലകാരണമെന്നും ലഷ്‌കര്‍-ഇ-തയ്ബ പോലുള്ള ഭീകര സംഘടനകളെ അടിച്ചമര്‍ത്തപ്പെട്ടവരുടെ സങ്കേതങ്ങളായും സിനിമ ചിത്രീകരിക്കുന്നു. മോഹന്‍ലാല്‍ പങ്കാളിയായ പ്രോജക്ടായ എംപുരാന്റെ ഈ തരത്തിലുള്ള ആഖ്യാനം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories