Share this Article
ദിലീപിന് വീണ്ടും തിരിച്ചടി; അന്വേഷണത്തില്‍ ആശങ്കപ്പെടുന്നത് എന്തിനെന്ന് കോടതി; നടിയുടെ ഹര്‍ജിയില്‍ വാദം മാറ്റണമെന്ന ആവശ്യം തള്ളി
വെബ് ടീം
posted on 21-08-2023
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. നടിയുടെ ഹര്‍ജി വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റി.

അന്വേഷണത്തില്‍ ദിലീപ് ആശങ്കപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണം എന്നതില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോ, ദിലീപിന് മാത്രമാണല്ലോ പരാതിയെന്നും കോടതി അഭിപ്രായപ്പെട്ടു. 

നടിയുടെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു. അന്വേഷണം വേണമെന്ന നടിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടിയുടെ പരാതിയില്‍ കോടതിയെ സഹായിക്കാനായി അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു. 

കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുകയാണ് നടിയുടെ ഹർജിയുടെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ്, വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്.

ഇരയെന്ന നിലയിൽ തന്റെ മൗലിക അവകാശം സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു നടിയുടെ വാദം. അതിന് അന്വേഷണം നടക്കണമെന്നും സംഭവത്തിനു പിന്നിലുള്ള പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories