ഓൺലൈൻ ഗെയിം പ്രൊമോഷൻ ആൻഡ് റെഗുലേഷൻ നിയമത്തിൽ കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടി കർണാടക ഹൈക്കോടതി. നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം ഇല്ലാതാക്കുമെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം.
നിയമം ഉടനടി നടപ്പാക്കുന്നത് വ്യവസായത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പാർലമെന്റ് ഒരു നിയമം പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തുകഴിഞ്ഞാൽ വിജ്ഞാപനം ഭരണഘടനാ പ്രക്രിയയുടെ ഭാഗമാണെന്നും ഈ ഘട്ടത്തിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.