രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയിൽ ഉണ്ടായ വിമാന സർവീസുകളുടെ തടസ്സങ്ങളിൽ കുറ്റസമ്മതം നടത്തി സിഇഒ പീറ്റർ എൽബേഴ്‌സ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്.
വ്യോമയാന മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് സിഇഒയുടെ കുറ്റസമ്മതം. പുതിയ ഡ്യൂട്ടി സമയം നടപ്പിലാക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്നും, അതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം സമ്മതിച്ചു. പുതിയ സമയക്രമം അനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയില്ലെന്ന കാര്യവും അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തത് യാത്രക്കാരെ വലച്ചിരുന്നു. ഇതിനെ തുടർന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ എയർക്രാഫ്റ്റ് ചട്ടങ്ങൾ പ്രകാരം കർശന നടപടി നേരിടേണ്ടി വരുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് സിഇഒയുടെ കുറ്റസമ്മതം വന്നിരിക്കുന്നത്. ഇത് ഇൻഡിഗോയെ കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഡിജിസിഎ എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് വ്യോമയാന മേഖല.