Share this Article
KERALAVISION TELEVISION AWARDS 2025
KPCC കോര്‍ കമ്മിറ്റി യോഗം ഇന്ന്; തദ്ദേശഫലം വിലയിരുത്തും
KPCC Core Committee Meeting

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നു. വൈകിട്ട് 5 മണിക്ക് ചേരുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങൾ മെനയുക എന്നതും യോഗത്തിന്റെ പ്രധാന ലക്ഷ്യമാണ്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കോൺഗ്രസ് നടത്തിയ മുന്നേറ്റത്തെ യോഗം വിശദമായി വിലയിരുത്തും. എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിലെ മികച്ച വിജയവും തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിലെ വോട്ടു വർധനവും യോഗം ചർച്ച ചെയ്യും. പത്തനംതിട്ട ജില്ലയിൽ പാർട്ടി കൈവരിച്ച ശക്തമായ തിരിച്ചുവരവിനെ പ്രത്യേകമായി വിശകലനം ചെയ്യും. അതേസമയം, ഇടുക്കി, കോട്ടയം ജില്ലകളിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചയിടങ്ങളിൽ യുഡിഎഫിനുണ്ടായ ആഘാതവും യോഗത്തിന്റെ പരിഗണനയിൽ വരും. എൽഡിഎഫ് വിട്ട് വന്ന പി.വി. അൻവറിന്റെ സാന്നിധ്യം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യുഡിഎഫിന് ഗുണകരമായോ എന്ന കാര്യവും മുസ്ലീം ലീഗിന്റെ താല്പര്യപ്രകാരം ചർച്ചാവിഷയമാകും.


യുഡിഎഫ് വിപുലീകരണം സംബന്ധിച്ച നിർണായക ചർച്ചകളും കോർ കമ്മിറ്റിയിൽ ഉണ്ടാകും. പി.വി. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും കേരള കോൺഗ്രസ് എമ്മിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച സാധ്യതകളും ഗൗരവകരമായി ചർച്ച ചെയ്യപ്പെടും. പി.വി അൻവറിനെ മുന്നണിയിലെടുക്കുന്നതിൽ മുസ്ലീം ലീഗ് വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതും വിവിധ തലങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതും ഇന്നത്തെ യോഗത്തിന്റെ അജണ്ടയിലുണ്ട്.


ഈ ആഴ്ച തന്നെ യുഡിഎഫ് യോഗവും ചേരുന്നുണ്ട്. ഇന്നത്തെ കെപിസിസി കോർ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാകും യുഡിഎഫ് യോഗത്തിലെ നിലപാടുകൾ കോൺഗ്രസ് സ്വീകരിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ ആവശ്യമായ രാഷ്ട്രീയ തന്ത്രങ്ങൾക്കും ഇന്നത്തെ യോഗം രൂപം നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories